ദ്വീപന്‍ കാഴ്ചകള്‍

ഉണക്കാനിട്ടിരിക്കുന്ന അപ്പല്‍ (നീരാളി)

"ലക്ഷദ്വീപ് തിരിച്ച് നല്‍കണം" : കണ്ണൂര്‍ അറക്കല്‍ കുടുംബം


കണ്ണൂര്‍ : മാലിഖാന (ഭൂമിവിട്ടുകൊടുത്ത ജന്മികൾക്ക് ഉപജീവനാർഥം വർഷംതോറും നൽകുന്ന ആദായം)വര്‍ദ്ധിപ്പിക്കാത്തപക്ഷം ലക്ഷദ്വീപ് തിരിച്ചു കിട്ടണമെന്ന് അറക്കല്‍ രാജവംശം ആവശ്യമുന്നയിക്കുന്നു. 1905-ലെ കരാര്‍ പ്രകാരം ലക്ഷദ്വീപ് വിട്ടുനല്‍കിയതിന് നഷ്ടപരിഹാരമായി പ്രതിവര്‍ഷം 23000 രൂപയാണ് മാലിഖാന ലഭിക്കുന്നത്. ഇത് പ്രതിമാസം 1916 രൂപ 12 പൈസ വീതമായാണ് ട്രഷറിയില്‍ നിന്ന് അറക്കല്‍ ബീവി ഒപ്പിട്ടു വാങ്ങുന്നത്.

രാജപദവിയും ആചാരങ്ങളും നിലനിര്‍ത്താന്‍ ഈ തുക അപര്യാപ്തമായ സാഹചര്യത്തിലാണ് മാലിഖാന വര്‍ദ്ധിപ്പിക്കാന്‍ രാജവംശം ആവശ്യപ്പെടുന്നത്. ഇതിനായി അറക്കല്‍ റോയല്‍ ട്രസ്റ്റ് രൂപീകരിച്ച് പോരാട്ടത്തിന്റെ പാതയിലാണ് രാജവംശം.

1545 മുതല്‍ 1819 വരെ 274 വര്‍ഷക്കാലം കണ്ണൂര്‍ ആസ്ഥാനമായ അറക്കല്‍ രാജവംശത്തിന്റെ അധീനതയിലായിരുന്നു ലക്ഷദ്വീപിലെ ആന്ത്രോത്ത്, കല്‍പേനി, കവരത്തി, അഗത്തി, മിനിക്കോയ് ദ്വീപുകള്‍. 19876 ചതുരശ്ര കിലോമീറ്ററായിരുന്നു ഇതിന്റെ വിസ്തൃതി. മദ്രാസ് പ്രസിഡന്‍സിയുടെ 417-നമ്പര്‍ ഉത്തരവു പ്രകാരം 1905 ജൂലൈ ഒന്നിന് അറക്കല്‍ രാജവംശം ഈ ദ്വീപുകള്‍ ബ്രിട്ടീഷ് ഭരണകൂടത്തിന് കൈമാറുകയായിരുന്നു. അന്നത്തെ അറക്കല്‍ സ്ഥാനപതി ആദിരാജാ ഇമ്പിച്ചി ബീവിയും ഫോര്‍ട്ട് സെന്റ് ജോര്‍ജ് കൗണ്‍സില്‍ ഗവര്‍ണറും തമ്മിലായിരുന്നു കരാര്‍. 70 പൈസയുടെ മുദ്രപത്രങ്ങളിലായിരുന്നു കരാര്‍ തയാറാക്കിയിരുന്നത്.

അഞ്ച് ദ്വീപുകള്‍ മദ്രാസ് പ്രസിഡന്‍സിക്ക് വിട്ടുനല്‍കുന്നതിന് പകരമായി പ്രതിവര്‍ഷം 23000 രൂപ മാലിഖാന അതതു കാലത്തെ അറക്കല്‍ സ്ഥാനപതിമാര്‍ക്ക് നല്‍കുമെന്നായിരുന്നു കരാറിലെ വ്യവസ്ഥ. അന്ന് ആരംഭിച്ച മാലിഖാന ഇപ്പോഴും ലഭിച്ചു വരുന്നുണ്ട്. കരാര്‍ നിലവില്‍ വന്ന 1905ല്‍ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 3 രൂപ 30 പൈസയായിരുന്നു. ഒരു വര്‍ഷം മാലിഖാനയായി കിട്ടുന്ന 23000 രൂപ 6969 പവന്‍ സ്വര്‍ണ്ണത്തിന് തുല്യമായിരുന്നു. അങ്ങനെ വരുമ്പോള്‍ അന്നത്തെ 23000 രൂപയുടെ ഇന്നത്തെ മൂല്യം 139380000 രൂപയാണ്. അതായത് ഇന്നത്തെ 6969 പവന്റെ വില. ഇത് ലഭിക്കേണ്ടത് തങ്ങളുടെ അവകാശമാണെന്ന് രാജവംശം കരുതുന്നു.

ഇത്രയും നല്‍കുന്നത് പ്രായോഗികമല്ലെങ്കില്‍ രാജവംശത്തിന് നിലനിന്നു പോകാന്‍ തക്കതായ വര്‍ദ്ധന അനിവാര്യമാണ്. അതിനും തയാറല്ലെങ്കില്‍ തങ്ങള്‍ വിട്ടു നല്‍കിയ ദ്വീപുകള്‍ തിരികെ കിട്ടണമെന്ന് അറക്കലിലെ പുതു തലമുറ വാദിക്കുന്നു.

കഴിഞ്ഞമാസം ഒമ്പതിന് ചേര്‍ന്ന 57 പേര്‍ പങ്കെടുത്ത അറക്കല്‍ റോയല്‍ ട്രസ്റ്റിന്റെ ജനറല്‍ ബോഡിയിലാണ് ഈ ആവശ്യം ഉയര്‍ന്നുവന്നത്.

ഇപ്പോഴത്തെ അറക്കല്‍ ബീവി ആദിരാജ സൈനബ ആയിഷ രോഗശയ്യയിലാണ്. മരുന്നും ഹോം നഴ്‌സിന്റെ ശമ്പളവും ഉള്‍പ്പെടെ പ്രതിമാസം ഭാരിച്ച ചിലവു വരും. അറക്കല്‍ സന്ദര്‍ശനത്തിനെത്തുന്ന ചരിത്രകാരന്മാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും സൗകര്യമൊരുക്കുന്നതും ബാധ്യതയാണ്.

അറക്കലിനു കീഴില്‍ നാലു പള്ളികളുണ്ട്. ഇവയുടെ ദൈനംദിന കാര്യങ്ങള്‍ക്കും അറ്റകുറ്റപണികള്‍ക്കും വന്‍തുക ആവശ്യമാണ്. സര്‍ക്കാര്‍ മ്യൂസിയമാക്കി പ്രഖ്യാപിച്ചെങ്കിലും അറക്കല്‍ കെട്ട് ഇടിഞ്ഞുപൊളിഞ്ഞു വീണുകൊണ്ടിരിക്കുകയാണ്.

പ്രതിമാസം ലഭിക്കുന്ന 1916 രൂപ 12 പൈസ കൊണ്ട് ഈ പ്രശ്‌നങ്ങളൊന്നും പരിഹരിക്കാനാവില്ല. ഈ സാഹചര്യത്തിലാണ് മാലിഖാന വര്‍ദ്ധിപ്പിച്ച് കിട്ടാനുള്ള ശ്രമം ആരംഭിച്ചതെന്ന് അറക്കല്‍ ബീവിയുടെ മകന്‍ ആദിരാജ മുഹമ്മദ് റാഫി ചന്ദ്രികയോട് പറഞ്ഞു. 2010 മാര്‍ച്ച് 22ന് കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരത്തിന് ആദ്യ നിവേദനം നല്‍കി.

അത് അനുഭാവപൂര്‍വ്വം പരിഗണിക്കുന്നതായി മറുപടി ലഭിച്ചിരുന്നെങ്കിലും തുടര്‍നടപടിയുണ്ടായില്ല. തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനെ സമീപിച്ചു. ഇപ്പോഴും ശ്രമം തുടരുകയാണ്. ഫലമുണ്ടായില്ലെങ്കില്‍ അടുത്ത നടപടിയിലേക്ക് കടക്കാനാണ് അറക്കല്‍ റോയല്‍ ട്രസ്റ്റിന്റെ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.

സാമൂതിരി രാജവംശത്തിലെ 850 പേര്‍ക്ക് സര്‍ക്കാര്‍ പ്രതിമാസം 2500 രൂപ വീതം പെന്‍ഷന്‍ നല്‍കുന്നുണ്ട്. 200 പേര്‍ മാത്രമായിരുന്നിട്ടും അറക്കലിന് ഇത് ലഭിക്കുന്നില്ല. രാജ്യത്തിന് സ്വാതന്ത്യം ലഭിച്ച ശേഷവും ഇന്ത്യന്‍ ഭരണകൂടം അറക്കലിന്റെ രാജപദവി അംഗീകരിക്കുകയും ബ്രിട്ടീഷുകാരുമായുണ്ടാക്കിയ കരാര്‍ പാലിക്കുകയും ചെയ്യുന്നതു കൊണ്ടാണ് മാലിഖാന ഇപ്പോഴും ലഭിച്ചുവരുന്നത്.

ലക്ഷദ്വീപില്‍ നിന്നുള്ള സര്‍ക്കാറിന്റെ ഇപ്പോഴത്തെ വരുമാനം പ്രതിവര്‍ഷം 50,000 മില്യന്‍ ഡോളറാണ്. മാലിഖാന വര്‍ദ്ധിപ്പിച്ചു കിട്ടുന്നതിനായുള്ള അറക്കലിന്റെ വാദമുഖങ്ങള്‍ ഇങ്ങനെ നീളുന്നു.

കടപ്പാട്: ചന്ദ്രിക (22/7/13 ല്‍ പ്രസിദ്ധീകരിച്ചത്)

ബദവിഉമ്മായും കുഞ്ഞിയും (നാടോടിക്കഥ- കില്‍ത്താന്‍)


(പണ്ട് കാലത്ത് കുട്ടികളെ ഉറക്കാന്‍ ഉമ്മമാര്‍ കില്‍ത്താന്‍ ദ്വീപില്‍ പറഞ്ഞ് കൊടുക്കാറുണ്ടായിരുന്ന കഥകളില്‍ ഒന്ന്. തനി നാടം ശൈലിയില്‍ കുട്ടികള്‍ക്ക് പറഞ്ഞ് കൊടുക്കാന്‍ പറ്റിയ കഥ. നിങ്ങളും ഒന്ന് ശ്രമിക്കൂ. അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കല്ലേ..) 
 ഫണ്ട് ഫണ്ട് പ്പോലോ ഉരു ഉമ്മായിക്കും ബാപ്പായിക്കും കൂടി ഒര് കുഞ്ഞി ഉണ്ടാഞ്ഞ. ഉര്ന്നാ ഇക്കുഞ്ഞി മേലാബാഇളെ നടന്ന് നടന്നോണ്ട് ഫോണ്ടത്തേക്കും കാണ്ട ഉര് മരം ഉണ്ട് അടിഞ്ഞേറിയിട്ട്ന. കുഞ്ഞിഫിന്ന അമ്മരം ഇട്ത്ത് ഉരിടത്തേക്ക് നാട്ടിയ. ഫിന്ന മരത്തേക്ക് തണ്ണിയും ബീത്തി മരത്തിനക്കൂട ശോല്ലിയ,
"നാം ഇന്ന്പ്പോയി നാള മേണ്ടത്തേക്കും നീ തള്ത്ത് ബിടോണ്ടും"
കുഞ്ഞി ഫിറ്റിയാന്ന് മേണ്ടത്തേക്കും കാണ്ട മരം തള്ത്ത് ബിട്ട്ന. കുഞ്ഞി ഫിന്നേം തണ്ണി ബീത്തി മരത്തിന് ക്കൂടശോല്ലിയ,
"നാം ഇന്ന്പ്പോയി നാള മേണ്ടത്തേക്കും നീ ഇലയെല്ലം ബിട്ട് ബിടോണ്ടും"
കുഞ്ഞി ഫിറ്റിയാന്ന് മേണ്ടത്തേക്കും കാണ്ട മരം ഇലയെല്ലം ബിട്ട് ബിട്ട്ന. കുഞ്ഞി ഫിന്നേം തണ്ണി ബീത്തി മരത്തിന് ക്കൂടശോല്ലിയ,
"നാം ഇന്ന്പ്പോയി നാള മേണ്ടത്തേക്കും നീ ഫൂയെല്ലം ബിട്ട് ബിടോണ്ടും"
കുഞ്ഞി ഫിറ്റിയാന്ന് മേണ്ടത്തേക്കും കാണ്ട മരം ഫൂയെല്ലം ബിട്ട് ബിട്ട്ന. കുഞ്ഞി ഫിന്നേം തണ്ണി ബീത്തി മരത്തിന് ക്കൂടശോല്ലിയ,
"നാം ഇന്ന്പ്പോയി നാള മേണ്ടത്തേക്കും നീല കായിച്ച് ബിടോണ്ടും"
കുഞ്ഞി ഫിറ്റിയാന്ന് മേണ്ടത്തേക്കും കാണ്ട മരം കായിച്ച് കീള് ലെമേല്ളെ ശുരീച്ച് ബിട്ട്ന.
കുഞ്ഞിക്ക് കണ്ടഫാടെ ഹരം ആയിപ്പൂവ്വ. കുഞ്ഞ് കച്ചേംകെട്ടി മരത്ത്നമെലേക്ക് ഏറിയ. ഫിന്ന തിന്നലോട് തിന്നല്‍. ബേറ്നറച്ചും തിന്ന.
അപ്പണത്തേക്കും കാണ്ട തൂരത്ത്ണ്ട് ഉര്ത്തി ഫതേം ശുരീച്ചോണ്ട് ബര് ബാം മേണ്ട. ഉവ്വല്ലീ ഉമ്മാ ബദവി ഉമ്മാ !!!
കുഞ്ഞിക്ക് ഫേടിയായിപ്പുവ്വ.
ബദവിയുമ്മാ മരത്തിന അട്ത്തെത്തിയ ഫാടെം കുഞ്ഞിയ നുക്കിച്ചൊല്ലിയ.
കാക്കാനെ കാക്കാനെ നാക്ക് ഒന്ന് താട്ടൂട്"
കുഞ്ഞി ഉര് ഫളം ശിക്കി ബദവി ഉമ്മായ്ക്ക് ഇട്ട് കുട്ത്ത. അതും തിന്നേച്ച് ബദവി ഉമ്മാ ശൊല്ലിയ,
അത് ഫൂച്ച കടിച്ചോണ്ട് ഫുവ്വ"
കുഞ്ഞി ഫിന്നേം ഉര് ഫളം ശിക്കി ബദവി ഉമ്മായ്ക്ക് ഇട്ട് കുട്ത്ത. അതും തിന്നേച്ച് ബദവി ഉമ്മാ ശൊല്ലിയ,
അത് ആട് കടിച്ചോണ്ട് ഫുവ്വ"
കുഞ്ഞി ഫിന്നേം ഉര് ഫളം ശിക്കി ബദവി ഉമ്മായ്ക്ക് ഇട്ട് കുട്ത്ത. അതും തിന്നേച്ച് ബദവി ഉമ്മാ ശൊല്ലിയ,
അത് ഫൊയിബ് കടിച്ചോണ്ട് ഫുവ്വ"
കുഞ്ഞി ഫിന്നേം ഉര് ഫളം ശിക്കി ബദവി ഉമ്മായ്ക്ക് ഇട്ട് കുട്ത്ത. അതും തിന്നേച്ച് ബദവി ഉമ്മാ ശൊല്ലിയ,
അത് കാക്ക കൊത്തിക്കോണ്ട് ഫുവ്വ"
അബസാനം ബദവി ഉമ്മാ ശോല്ലിയ: “ കച്ചേക്കെട്ടി ഇളിച്ചൂട്"
കുഞ്ഞി ശൊല്ലിയ: “ഇല്ലടിയുമ്മാ നീം അന്നതിന്നും"
ബദവി ഉമ്മാ ശോല്ലിയ: “ഇല്ലട മോനെ നാം ഇന്ന തിന്നാ, കച്ചേക്കെട്ടി ഇളിച്ചൂട്"
അവസാനം കുഞ്ഞി കച്ചേക്ക് ഫളായും ഇട്ടോണ്ട് ഇളിഞ്ഞ ഫാടെം ബദവി ഉമ്മാ കുഞ്ഞിയ ഫിടിച്ച് കയ്യിള ശാക്കിന ഉള്ളേക്ക് ഇട്ടോണ്ട് നേരെ ബദവി ഉമ്മാ ശേരിക്ക് ഫുവ്വ.
ശേരി എത്തിയ ഫാടെം ബദവി ഉമ്മാ ബിളിച്ച് ശൊല്ലിയ: “ അല്ലി ഫാത്തുമ്മാ, നിക്കുര് മാപ്പിള മേണ്ട , ബേഗം ഒരിങ്ങിക്കോ"
ബദവി ഉമ്മാ കുഞ്ഞിയ കൊണ്ട്ഫോയി ഉര് മുറിയിന ഉള്ളേക്കിട്ട് ഫൂട്ടിയേച്ചും മോള്‍ ഫാത്തുമാക്കൂട ശൊല്ലിയ
അല്ലീ, നാം ഫോയി കുളിച്ചേച്ച് മേണ്ടത്തേക്കും, ബേന ഫൊരിച്ച് ബൈക്കോണ്ടും"
എന്ന് ശൊല്ലിയേച്ചും ബദവി ഉമ്മാ കുളിപ്പാം ഫുവ്വ.
ഫാത്തുമ്മാ അടുപ്പിന മേലേക്ക് ഉര് ബലിയ ബട്ടള ശമ്പേറ്റിയേച്ചും അയിനാ ഉള്ളേക്ക് നറച്ചും നയ്യും ബീത്തി ഫതേപ്പിപ്പാം തുടങ്ങിയ.
അപ്പണത്തേക്കും കുഞ്ഞി മുറിയിന ഉള്ള് ഫേടിച്ചോണ്ട് ളച്ചിന. കുഞ്ഞി നുക്കിണ്ടത്തേക്കും കാണ്ട മുറീന ഉള്ള് കുറേ കുപ്പിയല്ലം ഒപ്പിച്ച് ബച്ച്ന. ഓരോ കുപ്പിയും ഫരിശോധിച്ച. മുള്ളിക്കുപ്പി, തണ്ണിക്കുപ്പി, തീക്കുപ്പി, ഹലാക്ക് കുപ്പി …
ശുര് ക്കിപ്പറഞ്ഞാലെ,
ഇതെല്ലം ഇട്ത്ത് ഉര് സഞ്ചിയ ഉള്ളേക്ക് ബച്ചേച്ചും കയ്യിക്കിട്ടിയ ഉര് കത്തീം ഇട്ത്ത് ഫാത്തുമ്മായ കൊന്ന് ഫൊരിച്ച് ബച്ചേച്ചും കുഞ്ഞി മാടത്ത മേലേക്ക് മറഞ്ഞ് ളച്ച.

ബദവി ഉമ്മാ മേണ്ടത്തേക്കും കാണ്ട കുഞ്ഞിയ ഫൊരിച്ച് ബച്ച്ന. ഫിന്ന ക്കേപ്പാം ഉണ്ടാ തടിഫിടിയില്ലാതെ ഒറ്റ തിന്നല്‍. തിന്നിണ്ടേനാ ഇടേ മാടത്ത്ണ്ട് ഉര് ശരപ്പം.
തന്നാ മകളത്താനെ തിന്ന താരുണ്ടാരുണ്ടോ?
തന്നാ മകളത്താനെ തിന്ന താരുണ്ടാരുണ്ടോ?”
ബദവി ഫമ്മാ മാട് ഫൊന്തിച്ച് നുക്ക്ണ്ടത്തേക്കും കാണ്ട കുഞ്ഞി മാടത്ത മേലേറി ളച്ച്ന. അപ്പപ്പിന്ന നാം തിന്ന താര , തന്നാ ഫാത്തുമ്മായയാ.
അല്ലാ ബേനെ … ഹറാം പുറന്നോനെ.... നിക്ക് കാട്ടിത്തരുബാം...
കുഞ്ഞി മാടത്തമേലിണ്ടിളിഞ്ഞ് ഒറ്റ ഓട്ട്. കയ്യ് കുപ്പിയും ഉണ്ട്.
ബദവി ഉമ്മായും ബിട്ടേല. ബയ്യിലിളെ ഓടിയ
ഓടി ഓടി ബദവി ഉമ്മാ ഇപ്പയില്ല ഇപ്പ കുന്നിയ ഫിടിക്കും എന്ന് കണ്ട ഫാടെം കുഞ്ഞി കയ്യിള മുള്ളി ക്കുപ്പി താട്ട.
മുള്ളിക്കുപ്പി ബീണ ഫാടെം അബിടെയെല്ലം മണ്ണേം മുള്ളി.
മുള്ളീളെ ഈരീം ബാരിയിം ...ഈരീം ബാരീം … ബദവി ഉമ്മാ കുഞ്ഞിയ ഓട്ടിച്ച.
ഓട്ടിച്ചോട്ടിച്ച് ,ഉമ്മാ ഇപ്പയില്ല ഇപ്പ കുന്നിയ ഫിടിക്കും എന്ന് കണ്ട ഫാടെം കുഞ്ഞി കയ്യിള തണ്ണിക്കുപ്പി താട്ട.
തണ്ണിക്കുപ്പി ബീണ ഫാടെം അബിടെയെല്ലം മണ്ണേം തണ്ണി.
തണ്ണീളെ നീന്തീം ഫിടച്ചും ...നീന്തീം ഫിടച്ചും … ബദവി ഉമ്മാ കുഞ്ഞിയ ഓട്ടിച്ച.
ഓട്ടിച്ചോട്ടിച്ച് ,ഉമ്മാ ഇപ്പയില്ല ഇപ്പ കുന്നിയ ഫിടിക്കും എന്ന് കണ്ട ഫാടെം കുഞ്ഞി കയ്യിള തീക്കുപ്പി താട്ട.
തീക്കുപ്പി ബീണ ഫാടെം അബിടെയെല്ലം മണ്ണേം തീ.
തീയിളെ ബെന്തും കരിഞ്ഞും ...ബെന്തും കരിഞ്ഞും … ബദവി ഉമ്മാ കുഞ്ഞിയ ഓട്ടിച്ച.
ഓട്ടിച്ചോട്ടിച്ച് ,ഉമ്മാ ഇപ്പയില്ല ഇപ്പ കുന്നിയ ഫിടിക്കും എന്ന് കണ്ട ഫാടെം കുഞ്ഞി കയ്യിള ഹലാക്ക് കുപ്പി താട്ട.
അതോടു കൂടി ബദവി ഉമ്മാ ഹലാക്കായിപ്പുവ്വ.
-മുബീന്‍ഫ്രാസ്

'കണ്ണാടിപ്പാത്ത'- വാര്‍ഷിക പതിപ്പ് പുറത്തിറങ്ങി
കില്‍ത്താന്‍ ദ്വീപ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ലക്ഷദ്വീപ് സാഹിത്യ പ്രവര്‍കത്തക സംഘത്തിന്റെ സാംസ്കാരിക മാസികയായ കണ്ണാടിപ്പാത്തയടെ വാര്‍ഷിക പതിപ്പ് പുറത്തിറങ്ങി. സാഹിത്യ പ്രവര്‍ത്തക സംഘത്തിന്റെ മുന്‍ പ്രസിഡന്റ് യാക്കുബ് മാസ്റ്ററുടെ മുഖചിത്രത്തോടെ പുറത്തിറഞ്ഞിയ മാസികയില്‍, ദേശീയ അധ്യാപക അവാര്‍ഡിന് അര്‍ഹനായ ഇദ്ദേഹത്തെകുറിച്ച് ഇസ്മത്ത് ഹുസൈന്‍ തയ്യാറാക്കിയ ലേഖനത്തോടെയാണ് മാസിക ആരംഭിക്കുന്നത്. ദ്വീപിലെയും വന്‍കരയിലേയും പ്രമുഖ എഴുത്തുകാരും യുവ എഴുത്താരും എഴുതിയ, കഥ, കവിത, ലേഖനങ്ങളിലുടെയാണ് കണ്ണാടിപ്പാത്തയുടെ വാര്‍ഷിക പതിപ്പ് പുറത്തിയിരിക്കുന്നത്. കോപ്പികള്‍ ആവശ്യമുള്ളവര്‍ ഈ നമ്പരുകളില്‍ ബന്ധപ്പെടുക. 9495468266, 9446715848(മിനിക്കഥ)
സീരിയല്‍- 
സ്കൂളില്‍ നിന്നും ഉച്ച ഭക്ഷണത്തിനായി വന്നു. വീട്ടുമുറ്റത്തെത്തുമ്പോള്‍ മീന്‍ പൊരിച്ചമണം. അല്ല മീന്‍ കരിഞ്ഞ മണം. ഭാര്യയെ ഉറക്കെ വിളിച്ചു. “ ഫെണ്ണേ കൂടത്തെന്തോ കരിഞ്ഞോണ്ട് മണക്ക്ണ്ടയിലോ,?” ഞാനും ഭാര്യയോടൊപ്പം അടുക്കളയില്‍ കയറി. ഒന്നും പറയണ്ട. മീന്‍ മാത്രമല്ല ചട്ടിയും കൂടി കരിഞ്ഞിരിക്കുന്നു. “ഇച്ചെട്ടി ഇനി ഉര് ഫണിക്കും ആകായിലോ!”. ഞാനും അനുശോചനം രേഖപ്പെടുത്തി. 
മീനും ചെട്ടിയും ബെള്ളി കുട്ത്താല്‍ ഇനിയും കിട്ടും. ഇന്നത്തെ സീരിയല ഭാഗം കിട്ട്ങ്ങാ?!” ഇത്രയും പറഞ്ഞ് യാതൊരു ഭാവമാറ്റവും കൂടാതെ ചെട്ടിയെടുത്ത് ബേലിയ കോണത്തേക്ക് എറിയുമ്പോള്‍ ഞാന്‍ കരിബഹറിന്റെ ആഴങ്ങളിലെവിടയോ കാലിട്ടടിക്കുകയായിരുന്നു.!!
-കെ.ജി.എം

ലിറ്റില്‍ എന്‍സൈക്ലോപീഡിയ (ലക്ഷദ്വീപ് )


ലിറ്റില്‍ എന്‍സൈക്ലോപീഡിയ

"എന്‍റെ ദ്വീപ്"

ലക്ഷദ്വീപ് അടിസ്ഥാന വിവരങ്ങള്‍

ലക്ഷദ്വീപ് നിലവില്‍ വന്ന തിയതി- 1956 നവംബര്‍ ഒന്ന്
തലസ്ഥാനം- കവരത്തി
ജനസംഖ്യ(2011 സെന്‍സസ്)-64429
ആകെ ദ്വീപുകള്‍-36
ജനവാസമുള്ള ദ്വീപുകള്‍-11 (ആന്ത്രോത്ത്, അമിനി, അഗത്തി, മിനിക്കോയി, കവരത്തി, കടമത്ത്, കല്‍പേനി, കില്‍ത്താന്‍, ചെത്ത് ലാത്ത്, ബിത്ര, ബംഗാരം
കേരളത്തില്‍ നിന്നുള്ള ദൂരം- 200-400 kms
വില്ലേജ് ദ്വീപ് പഞ്ചായത്തുകള്‍- 10
ഡിസ്റ്റ്രിക്ട് പഞ്ചായത്തുകള്‍- 25
കരവിസ്തൃതി- 32 Sq.km
ലഗൂണ്‍ വിസ്തൃതി- 166.63 sq.km

സംസ്ഥാന മൃഗം: ഫക്കിക്കദിയ(Butterfly Fish)

കോറല്‍ മത്സ്യങ്ങളില്‍ സൗന്തര്യ റാണിയാണ് ഇവ. അതു കൊണ്ടാവാം ഇവയ്ക്ക് പദവി നല്‍കിയത്. ഭക്ഷണത്തിനായി മത്സ്യത്തെ സാധാരണ ദ്വീപുകാര്‍ ഇവയെ ഉപയോഗിക്കാറില്ല. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഇവയ്ക്ക് 30cm നീളവും 20cm  വീതിയുമുണ്ടാവുംഫക്കിക്കദിയയുടെ ശാസ്ത്രനാമം (Chaetodon auriga)    എന്നാണ്.


സംസ്ഥാന വൃക്ഷം: കടപ്ലാവ് (നാടന്‍ ചക്ക Bread Fruit Tree)

ദ്വീപുകളുടെ കാലാവസ്ഥയ്ക്ക് ഇണങ്ങുന്ന മരമാണ് കടപ്ലാവ്. ദ്വീപുകളില്‍ ധാരാളമായി ഇത് കണ്ട് വരുന്നു. ദ്വീപുകാര്‍ക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് ഇതിന്‍റെ കായ. കറിവെക്കാനും, മധുര പലഹാരമുണ്ടാക്കാനും, പായസത്തിനും, ചിപ്സ് ഉണ്ടാക്കാനും ഇതിന്‍റെ കായ ഉപയോഗിക്കുന്നു. ഇതിന്‍റെ ശാസ്ത്രീയ നാമം (Artocarpus Incis) എന്നാണ്.

സംസ്ഥാന പക്ഷി: ‘കാരിഫെട്ടു‘ - (Sooty Term)

കൂടുതലും ലക്ഷദ്വീപുകളില്‍ മാത്രമായി കാണുന്ന പക്ഷിയാണ് ഇത്. പക്ഷിപ്പിട്ടിയിലാണ് കൂടുതലായും പക്ഷി കാണുന്നത്. ചൂര മത്സ്യത്തിന്റെ കൂടെ ഈ പക്ഷിക്കൂട്ടങ്ങളെ കാണലുണ്ട്.   ഇതിന്‍റെ ശാസ്ത്രീയ നാമം (Anus Stolidus) എന്നാണ്.


ചരിത്രമുറങ്ങുന്ന "ബീക്കുന്നിപ്പാറ"അഗത്തി ദ്വീപിന്‍റെ തെക്കേഅറ്റത്തുള്ള കല്‍പിട്ടി എന്ന തുരുത്തില്‍ 4മീറ്ററോളം ഉയരത്തില്‍ ഒരു പാറയുണ്ട്. ഇപ്പോള്‍ ഇതിന്‍റെ കുറേ ഭാഗങ്ങള്‍ നശിച്ചെങ്കിലും ദ്വീപിലെ ഒരു ചരിത്ര പ്രതീകമായി ഇന്നും ഇത് നിലകൊള്ളുന്നു.

ഇതിന്‍റെ പേരിന്പിന്നിലെ സംഭവം ഇങ്ങനെ വിവരിക്കാം. ദ്വീപുകള്‍ അറയ്ക്കല്‍ ബീവിയുടെ ഭരണത്തിന്‍ കീഴിലുള്ള കാലം. ദ്വീപിലെ പ്രധാന ഉത്പന്നങ്ങളായ തേങ്ങ, ശര്‍ക്കര, മാസ് തുടങ്ങിയവയില്‍ നിന്നും കരം (നികുതി) ബീവി പരിപ്പിച്ചിരുന്നു. ദ്വീപുകാര്‍ക്ക് ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയ ഒന്നായിരുന്നു. എന്നാല്‍ കരം കൊടുക്കാത്തവര്‍ക്ക് ശിക്ഷ കൊടുക്കുന്നത് കാരണം നാട്ടുകാര്‍ കരം കൊടുക്കാന്‍ നിര്‍ബന്ധിതരായി തീര്‍ന്നു. ബിവി ഇത് നടപ്പിലാക്കാനായി ഓരോ ദ്വീപിലും കാര്യക്കാരന്‍ എന്ന പദവിയില്‍ ഉദ്യോഗസ്ഥന്മാരെ നിയമിച്ചു. അഗത്തി ദ്വീപില്‍ ബീവി കാര്യക്കാരനായി നിയമിച്ചത് ബലിയഇല്ലത്ത് കുഞ്ഞിഅഹമ്മദ് എന്ന വ്യക്തിയേയായിരുന്നു.

കാലവര്‍ഷം നാശം വിതച്ച ഒരു മാസം ദ്വീപുകാര്‍ക്ക് ബീവി നിശ്ചയിച്ച കരം കൊടുക്കാന്‍ പറ്റാത്ത അവസ്ഥയായി. എന്നാല്‍ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുണ്ടായിരുന്ന ബീവിക്ക് ദ്വീപുകാരില്‍ നിന്ന് കരം കിട്ടണമെന്നും ശഠിച്ചു. നാട്ടുകാരനായ കാര്യക്കാരന്‍ കുഞ്ഞിഅഹമ്മദ് ജനങ്ങള്‍ക്കൊപ്പം നിന്നു.

ബീവിയുടെ കല്‍പന കാര്യക്കാന്‍ മാനിക്കുന്നില്ലെന്ന് കണ്ട ബീവി ദ്വീപിനെ അക്രമിക്കാന്‍ തയ്യാറെടുത്തു. 'കവര്‍ച്ച' എന്ന രീതിയിലാണ് ബീവിയുടെ പട്ടാളക്കാര്‍ അഗത്തി ദ്വീപിനെ അക്രമിച്ചത്. ഇവര്‍ വീടുകള്‍ പൊളിക്കുകയും സകല വസ്തുക്കളും അപഹരിക്കുകയും ചെയ്തു. കാര്യക്കാനേയും വീട്ടുകാരേയും കൊന്നോടുക്കുകയും ഇവരെ കടലിലൊഴുക്കുകയും ചെയ്തു. ഇവിടെ ഇന്നും 'ബലിയഇല്ലത്തുകാരെ വിട്ടശാല്‍' എന്ന പേരില്‍ ഒരു ആര്‍ (കടല്‍ തീരം) തന്നെയുണ്ട്.

ബീവിയുടെ പട്ടാളക്കാര്‍ ബലിയഇല്ലത്തുകാരെ കൊന്നൊടുക്കുമ്പോള്‍ ഈ വീട്ടിലെ ഒരു പെണ്‍കുഞ്ഞായ ബീക്കുന്നി ഇതൊന്നുമറിയാതെ അയല്‍ വീടായ പൂവ്വാത്തിയോട എന്ന വീട്ടില്‍ കളിച്ചുകൊണ്ടിക്കുകയായിരുന്നു. മരണം മണത്തറിഞ്ഞ ഈ വീട്ടുകാരനായ അടിയാന്‍ എന്നയാള്‍ ബീക്കുന്നിയെ തന്‍റെ വീടിനുള്ളില്‍ ഒളിപ്പിച്ചു. രാത്രിയില്‍ അടിയാന്‍ ബീക്കുന്നിയേയും കൊണ്ട് തെക്കേഅറ്റത്തുള്ള കല്‍പിട്ടിയില്‍ കൊണ്ട്പോയി അവിടെ കണ്ട ഒരു വലിയ പാറയുടെ പൊത്തില്‍ ഇരുത്തി തിരിച്ച് വന്നു. പട്ടാളക്കാര്‍ തിരിച്ച് പോകുന്നത് വരെ ബീക്കുന്നി ഈ പാറയില്‍ ഒളിച്ചിരുന്നെന്നാണ് പറയപ്പെടുന്നത്. മുന്ന് ദിവസം ബീക്കുന്നി വെള്ളവും ഭക്ഷണവുമില്ലാതെ ഇവിടെ കഴിച്ച് കൂട്ടി. പട്ടാളക്കാര്‍ നാടുവിട്ടപ്പോള്‍ നാട്ടുകാര്‍ വന്ന് ബീക്കുന്നിയെ തിരിച്ച് കൊണ്ട് വന്നു. പട്ടാളക്കാര്‍ക്ക് ബീക്കുന്നി ജീവിച്ചിരുക്കുന്ന കാര്യം അറിഞ്ഞാല്‍ പ്രശ്നമാകുമെന്ന് ഭയന്ന് ബീക്കുന്നിയെ ഇവര്‍ അമിനിയിലേക്ക് മാറ്റി.

ഇങ്ങനെ ബീക്കുന്നി എന്ന പെണ്ണിന് അഭയം നല്‍കിയ ഈ പാറയ്ക്ക് പിന്നീട് നാട്ടുകാര്‍ "ബീക്കുന്നിപ്പാറ" എന്ന് വിളിച്ച് തുടങ്ങി.

ഫുത്തുഹാത്തുല്‍ ജസായിറിന്‍റെ സംഗ്രഹം

ഹസ്രത്ത് ഉബൈദുള്ളാ () അദ്ദേഹത്തിന്‍റെ പുത്രനായ അബൂബക്കറിന് പഞ്ഞ് കൊടുത്തെഴുപ്പിച്ച ഫുത്തുഹാത്തുല്‍ ജസായിര്‍ (ദ്വീപ് വിജയം) എന്ന ഗ്രന്ഥത്തിന്‍റെ സംഗ്രഹം(മലയാളത്തില്‍).

ഹസ്രത്ത് ഉബൈദുള്ളാഹിബ്നു മുഹമ്മദിബ്നു അബൂബക്കര്‍ () ഹിജ്റ 41 ല്‍ ശവ്വാല്‍ മാസം പതിനൊന്ന് തിങ്കളാഴ്ച്ച (AD.662) മുഹമ്മദ് നബി() യുടെ സ്വപ്ന നിര്‍ദ്ദേശാനുസരണം ജിദ്ദയില്‍ നിന്നും 14 പേരടങ്ങുന്ന ഒരു കപ്പലില്‍ യാത്രയായി. മലബാറിനടുത്തുള്ള ദ്വീപുകള്‍ക്ക് സമീപമെത്തിയപ്പോള്‍ കപ്പല്‍ തകര്‍ന്നു. ഒരു പലകയില്‍ കയറി അദ്ദേഹം അമ്മേനി ദ്വീപിലെത്തി. അവിടത്തെ പഴവര്‍ഗ്ഗങ്ങളും ശുദ്ധജലവും കഴിച്ച് ഒരു ദിവസം അവിടെ കഴിച്ച്കൂട്ടി. പിറ്റേദിവസം തദ്ദേശിയരായ വലിയ ഒരു ജനക്കൂട്ടം അദ്ദേഹത്തെ സമീപിച്ച് താന്‍ ആരാണെന്നും ആഗമനോദ്ദേശം എന്താണെന്നും ചോദിച്ചു. താന്‍ മദീനയില്‍ നിന്നും വരികയാണെന്നും. അബൂഖുഹാഫയുടെ പുത്രനായ അബൂബക്കറിന്‍റെ മകന്‍ മുഹമ്മദിന്‍റെ മകന്‍ ഉബൈദുള്ളയാണെന്നും നിങ്ങളെയെല്ലാം ഇസ്ലാമിലേക്ക് ക്ഷണിക്കലാണ് ആഗമനോദ്ദേശമെന്നും അദ്ദേഹം പറഞ്ഞു. അപ്പോള്‍ അവര്‍ കോപാകുലരായി അദ്ദേഹത്തെ അക്രമിക്കാനൊരുങ്ങി. പക്ഷെ അവരുടെ കൂട്ടത്തില്‍ നിന്നും 'ഫിസിയ' എന്ന് പേരുള്ള ഒരു വനിത ഇസ്ലാം മതം സ്വീകരിക്കുകയും ഹസ്രത്ത് ഉബൈദുള്ള അവര്‍ക്ക് ഹമീദത്ത് എന്നു് നാമകരണം ചെയ്ത് അവരെ ഭാര്യയായി സ്വീകരിക്കുകയും ചെയ്തു.
        അമേനിയില്‍ നിന്നും ആന്ത്രോത്തിലെത്തിയ ഹസ്രത്ത് ഉബൈദുള്ളയും ഭാര്യയും മരങ്ങള്‍ തണല്‍ വിരിച്ച ഗുഹപോലെയുള്ള ഒരു സ്ഥലത്ത് താമസിച്ചു.  ഹസ്രത്ത് ഉബൈദുള്ളയുടെ പ്രബോധനഫലമായി ആന്ത്രോത്ത് ദ്വീപുകാരില്‍ ഭൂരിഭാഗവും താമസം വിനാ ഇസ്ലാംമതം സ്വീകരിച്ചു. ഹിജ്റ 41 ല്‍ ദുല്‍ ഹജ്ജ്മാസം പതിനൊന്നിന് തിങ്കളാഴ്ച്ച (AD 662) ആന്ത്രോത്ത് ദ്വീപിലെ ജൂമഅത്ത് പള്ളിക്കും തന്‍റെ ഭവനത്തിനും തറക്കല്ലിട്ടു. 200 തൊഴിലാളികളുടെ അനവരത ശ്രമഫലമായി ദിവസങ്ങള്‍ക്കകം പള്ളിനിര്‍മ്മാണം ജുമഅയുടെ ഉത്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു. ‍
        ആന്ത്രോത്തില്‍ നിന്നും  ഹസ്രത്ത് ഉബൈദുള്ളയും ഏതാനും ഏതാനും ആളുകളും കൂടി ഇസ്ലാംമത പ്രചരണാര്‍ത്ഥം കവരത്തി ദ്വീപിലേക്ക് പുറപ്പെട്ടു. ഹിജ്റ 42 ം കൊല്ലം മുഹറം 21 വ്യാഴാഴ്ച്ച കവരത്തിയില്‍ മതപ്രബോധനം ആരംഭിച്ചു. കവരത്തിയിലെ ജനങ്ങള്‍ തുടക്കത്തില്‍ ശക്തിയായി എതിര്‍പ്പ് പ്രകടിപ്പിച്ചു.  ഹസ്രത്ത് ഉബൈദുള്ളയെ വധിക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ട സംഘത്തെ നേരിട്ട നരിയോട് അദ്ദേഹം കാട്ടില്‍ ചെല്ലാനും അവിടെയുള്ള ശവങ്ങള്‍ ഭക്ഷിച്ച് കൊള്ളാനും കല്‍പിച്ചു.  ഹസ്രത്ത് ഉബൈദുള്ളയുടെ അമാനുഷിക പ്രഭാവത്തില്‍ ആകൃഷ്ടരായ കവരത്തിയിലെ ജനങ്ങളും ഇസ്ലാം മതം സ്വീകരിച്ചു. അതേ കൊല്ലം മുഹറം മാസത്തില്‍ അവിടെയും ഒരു ജുമാഅ പള്ളി നിര്‍മ്മിക്കുകയും അതിന് വേണ്ട സ്ഥങ്ങള്‍ വഖഫ് ചെയ്യുകയും ചെയ്തു.
        പിന്നീട് കവരത്തിയില്‍ നിന്നും  ഹസ്രത്ത് ഉബൈദുള്ളയും സംഘവും വീണ്ടും അമിനിയിലേക്ക് തിരിച്ചു. ഇത്തവണ ആ ദ്വീപുകാരും ഇസ്ലാം മതം സ്വീകരിച്ചു. ഹിജ്റ 42 സഫര്‍ 15 ന് അവിടേയും പള്ളി നിര്‍മ്മിച്ചു. പള്ളിക്ക് വേണ്ടി പടിഞ്ഞാര്‍ഭാഗത്ത് കടല്‍വരെ വഖഫ്ചെയ്യപ്പെട്ടു. അഹമദിബ്നു ഫഖീര്‍ എന്നവരെ ഖാസിയായി നിശ്ചയിച്ചു.
        അമേനി ദ്വീപുകാരുടെ മത പരിവര്‍ത്തനം അറിഞ്ഞ് ചെത്ത്ലാത്തുകാരും കിളുത്തന്‍കാരും കടമത്ത്കാരും  ഹസ്രത്ത് ഉബൈദുള്ളയുടെ സന്നിധാനത്ത് വന്ന് ഇസ്ലാം മതം സ്വീകരിച്ച് സസന്തോഷം അവരുടെ ദ്വീപുകളിലേക്ക് തിരിച്ച്പോയി പള്ളികള്‍ നിര്‍മ്മിച്ചു.
        അമേനി ദ്വീപില്‍ നിന്നും  ഹസ്രത്ത് ഉബൈദുള്ളയും കൂട്ടുകാരും ആക്കത്തിയിലേക്ക് പുറപ്പെട്ടു. ആ ദ്വീപുകാര്‍ യാതൊരു എതിര്‍പ്പും കൂടാതെ ഇസ്ലാം മതം സ്വീകരിച്ചു. ഹിജ്റ 42 സഫര്‍ 25 ന് ഒരു പള്ളി നിര്‍മ്മിക്കുകയും അസീസിബ്നു ഫരീദിനെ ഖാസിയായി നിശ്ചയിക്കുകയും ചെയ്തു.
        ആക്കത്തിയില്‍ നിന്നും കല്‍പേനിയിലെത്തിയ  ഹസ്രത്ത് ഉബൈദുള്ളയും സംഘവും ആ ദ്വീപുകാരേയും ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്തു. ഹിജ്റ 42 റബിഉല്‍ അവ്വല്‍ മാസം കടല്‍ക്കരയില്‍ ഒരു പള്ളി പണിയുകയും എല്ലാഭാഗത്തും 25 മുഴം പള്ളിക്ക് വേണ്ടി വഖ്ഫ് ചെയ്യുകയും ഹസനുബ്നു ഫൗസാന്‍ എന്നവരെ ഖാസിയായി തീരുമാനിക്കുകയും ചെയ്തു.
        കല്‍പേനിയില്‍ നിന്നും ആന്ത്രോത്തില്‍ തിരിച്ചെത്തിയ  ഹസ്രത്ത് ഉബൈദുള്ളയും സംഘത്തേയും നാട്ടുകാര്‍ സസന്തോഷം സ്വീകരിച്ചു. അവിടെ ആദ്യം ഇസ്ലാമിലേക്ക് വരാതിരുന്നവര്‍കൂടി ഈ അവസരത്തില്‍ ഇസ്ലാമതം സ്വീകരിക്കുകയും അവര്‍മാപ്പിന്നപേക്ഷിക്കുകയും അവര്‍ക്ക് മാപ്പ് കൊടുക്കുകയും ചെയ്തു. പള്ളിയില്‍ കടന്ന് ദ്വീപുകാര്‍ക്ക് നമസ്ക്കരിച്ച് ദ്വീപുകാര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും സന്മനസ്സോടെ സ്വഭവനത്തിലേക്ക് തിരിക്കുകയും ചെയ്തു.
(അവലംബനം- ലക്ഷദ്വീപ് നൂറ്റാണ്ടുകളിലൂടെ -ഡോ.എന്‍.മുത്തുകോയ)